ബറാഅത്ത് രാവ് ജീവിതത്തിന്‍റെ തീര്‍പ്പുവേള

“സത്യാസത്യങ്ങളെ വിവേചിച്ചു വ്യക്തമാക്കുന്ന ഖുര്‍ആന്‍ തന്നെയാണ് സത്യം. നിശ്ചയം നാം ഖുര്‍ആനിനെ ബറകത്താക്കപ്പെട്ട രാത്രിയിലവതരിപ്പിച്ചു. എല്ലാ കാര്യങ്ങളുടെയും വിധി നിര്‍ണ്ണയം പ്രസ്തുത രാത്രിയിലാകുന്നു". (സൂറത്തു ദുഖാന്‍ 1-4). ഉപര്യുക്ത സുക്ത വ്യാഖ്യാനുബന്ധമായി ഇമാം റാസി(റ) വും ഇക്‍രിമ (റ) വും പറയുന്നത് ഈ രാത്രി ശഅ്ബാന്‍ പതിനഞ്ചിന്‍റെ രാത്രി അഥവാ ബറാഅത്ത് രാവാണെന്നാണ്.



നബി(സ) ഒരിക്കല്‍ ആയിശാ (റ) യോടു ചോദുച്ചു : ഈ ദിവസത്തിന്‍റെ പ്രാധാന്യം നിനക്കറിയുമോ. 'അള്ളാഹുവിനും റസൂലിനുമറിയാം' ആയിശ (റ) പ്രിതിവചിച്ചു. നബി(സ) പറഞ്ഞു. 'വരും വര്‍ഷത്തിലുള്ള ജനനവും മരണവും രേഖപ്പെടുത്തുന്ന ദിനമാണിത്. ഓരോ വ്യക്തികളുടെയും പ്രവര്‍ത്തനങ്ങള്‍ സന്പാദ്യങ്ങള്‍ എന്നിവയെല്ലാം ഈ രാത്രി നിര്‍ണയിക്കപ്പെടും. (ബൈഹഖി).
ഒരാള്‍ വിവാഹം കഴുക്കുകയും സന്താന സൗഭാഗ്യമുണ്ടാകുന്നതടക്കമുള്ള ഒരു ശഅ്ബാന്‍ മുതല്‍ മറ്റൊരു ശഅ്ബാന്‍ വരെയുള്ള എല്ലാ സമയങ്ങളും ബറാഅത്ത് രാവില്‍ നിശ്ചയിക്കപ്പെടും. (ഹദീസ്)

പ്രപഞ്ചത്തിലെ സര്‍വ ചരാചരങ്ങളുടെയും ഒരു വര്‍ഷത്തേക്കുള്ള സ്ഥിതി വിവരണ കണക്കുകള്‍ ബറാഅത്ത് ദിനത്തില്‍ നിര്‍ണയിക്കപ്പെടുന്നത് പോലെ മനുഷ്യരുടെ പ്രവര്‍ത്തനങ്ങള്‍ അള്ളാഹുവിലേക്കുയര്‍ത്തപ്പെടുന്നതും ഈ മാസത്തിലാണ്.


ഉസാമതുബ്നു സൈദ് (റ) പറയുന്നു. 'ഞാനൊരിക്കല്‍ നബി(സ) യോട് ചോദിച്ചു. വ്യാഴം, തിങ്കള്‍ ദിവസങ്ങള്‍ നോന്പനുഷ്ഠിക്കല്‍ സുന്നത്താവാന്‍ കാരണമെന്ത്?. നബി(സ) പറഞ്ഞു. ഈ ദിവസങ്ങളില്‍ നമ്മടെ പ്രവര്‍ത്തനങ്ങളെ റബ്ബിനു മുന്പില്‍ വെളിവാക്കപ്പെടും. തദവസരം നോന്പുകാരനായിരിക്കാന്‍ ഞാന്‍ ഇഷ്ടപ്പെടുന്നു. ഞാന്‍ വീണ്ടും ചോദിച്ചു. നബിയേ, അങ്ങ് ശഅ്ബാനില്‍ കൂടുതല്‍ നോന്പനുഷ്ഠിക്കാന്‍ കാരണമെന്ത്?. നബി(സ) പറഞ്ഞു : നാം ചെയ്ത പ്രവര്‍ത്തനങ്ങള്‍ നാഥനിലേക്കുയര്‍ത്തപ്പെടുന്നത് ഈ മാസത്തിലാണ്. തന്നിമിത്തം ഞാന്‍ നോന്പുകാരനാവുന്നതിനെ ഇഷ്ടപ്പെടുന്നു. (ബൈഹഖി, മുസ്വന്നഫ് 3/103)

മാനവ ജിവിതത്തിലെ സുപ്രധാനമായ കാര്യങ്ങള്‍ തീര്‍പ്പുകല്‍പ്പിക്കുന്ന രാത്രിയെ പ്രഫുല്ലമാക്കിത്തീര്‍ക്കാന്‍ മൂന്ന് യാസീനോതല്‍ മുസ്‍ലിം ലോകം നിരാക്ഷേപം ആചരിച്ചു വരുന്ന മഹല്‍ കര്‍മ്മമാണ്. മഗ്‍രിബിന് ശേഷം ഓതലാണ് അത്യുത്തമമെന്ന് അലി(റ) നിവേദനം ചെയ്ത ഹദീസില്‍ കാണാം..

ബറാഅത്ത് രാവ് ഒരു പുനര്‍വായന
ഇമാം ശാഫിഈ (റ) പറയുന്നു. 'വെള്ളിയാഴ്ച രാവ്, വലിയ പെരുന്നാള്‍ രാവ്, ചെറിയ പെരുന്നാള്‍ രാവ്, റജബ് ഒന്നാം രാവ്, ശഅ്ബാന്‍ പതിനഞ്ചാം രാവ് എന്നീ അഞ്ച് രാവുകളിലെ പ്രാര്‍ത്ഥനക്ക് പ്രത്യേകം ഉത്തരം ലഭിക്കും. (അല്‍ ഉമ്മ് 1/204)
മുസ്‍ലിംകള്‍ ആദരിക്കുന്ന പ്രധാന രാവുകളിലൊന്നാണ് ബറാഅത്ത്. മറ്റ് പല ആചാരങ്ങളും കണ്ണ്കടിയായിട്ടുള്ള പുത്തനാശയക്കാര്‍ ബറാഅത്ത് രാവിനെയും അംഗീകരിക്കുന്നില്ല. അള്ളാഹു പ്രത്യേകമായി ആദരിച്ചവയെ മഹത്വപൂര്‍ണ്ണമാക്കല്‍ സത്യവിശ്വാസിയുടെ കര്‍ത്തവ്യമാകുന്നു. ശഅ്ബാന്‍ പതിനഞ്ചിന്‍റെ രാത്രിയാണ് ബറാഅത്ത് രാവ് എന്നതിന് ധാരാളം ഹദീസുകളുടെ പിന്‍ബലമുണ്ട്.

ആചാരത്തിലെ ആലോചന
അലി(റ) വില്‍ നിന്ന് നിവേദനം. നബി(സ) പറഞ്ഞു. ബറാഅത്ത് രാവില്‍ നിങ്ങള്‍ നിസ്കരിക്കുകയും പകല്‍ നോന്പനുഷ്ഠിക്കുകയും ചെയ്യുക. പ്രസ്തുത രാത്രി സൂര്യാസ്തമയ ശേഷം അള്ളാഹു ഒന്നാം ആകാശത്തില്‍ വന്ന് ഇപ്രകാരം പറയും. 'വല്ലവനും പൊറുക്കലിനെ തേടുന്നുവെങ്കില്‍ അവന് ഞാന്‍ പൊറുത്തു കൊടുക്കും, ഭക്ഷണം ചോദിക്കുന്നവന് ഭക്ഷണം നല്‍കും, രോഗശമനം തേടുന്നവന് ശമനവും സൗഖ്യവും നല്‍കും'. ഈ പ്രഖ്യാപനം സുബ്ഹ് വരെ നീണ്ടു നില്‍കും. (ഇബ്നു മാജ). എന്നാല്‍ കുടുംബബന്ധം തകര്‍ത്തവര്‍ , മാതാപിതാക്കളെ വെറുപ്പിക്കുന്നവര്‍ , നിത്യമദ്യപാനി, അഹങ്കാരി, പരസ്പരം പിണങ്ങി നില്‍കുന്നവര്‍ എന്നിവരുടെ പ്രാര്‍ത്ഥന നിഷ്ഫലമാണ്. ഇവരതിനു അവകാശപ്പെട്ടവരെല്ലെന്ന് സാരം. നമ്മുടെ ഭാവി നിര്‍ണ്ണയത്തിനു സാക്ഷ്യം വഹിക്കുന്ന മഹനീയ സമയമാണിത് (മിര്‍ഖാത് 2/178)


ഇസ്‍ലാം മതത്തിലെ ആരാധനകളും ആചാരങ്ങളും ഇതരമതസ്ഥരില്‍ നിന്നും തികച്ചും വ്യതിരിക്തമാണ്. നശ്വര ജീവിതത്തില്‍ വന്ന് ഭവിച്ച തെറ്റുകളും കുറ്റങ്ങളും കഴുകിക്കളയാന്‍ പ്രപഞ്ചനാഥന്‍ സംവിധാനിച്ച മഹത്വപൂര്‍ണ്ണമായ രാവാണ് ബറാഅത്ത് രാവ്. പ്രസ്തുത രാത്രിയില്‍ അള്ളാഹുവില്‍ നിന്ന് പ്രത്യേകമായ പാപമോചനവും കരുണയും പ്രാര്‍ത്ഥനക്കുത്തരവും ലഭിക്കുമെന്ന് സ്വീകാര്യയോഗ്യമായ ഹദീസുകളുടെ വെളിച്ചത്തില്‍ മുകളില്‍ വ്യക്തമാക്കിയിട്ടുണ്ട്.

തെറ്റുകുറ്റങ്ങള്‍ മനുഷ്യസഹജമാണ്. തെറ്റുകള്‍ മായ്ച്ചുകളയാനുള്ള മാര്‍ഗമാണ് പ്രാര്‍ത്ഥന. ധാരാളം പേര്‍ പാപമോചനം നല്‍കുന്ന ഒരു രാവാണ് ബറാഅത്ത് രാവ്. ഓരോ മനുഷ്യരുടെയും ജീവിതത്തിന്‍റെ സുപ്രധാന കാര്യങ്ങളില്‍ തീര്‍പുകല്‍പ്പിക്കുന്ന ഒരു രാത്രിയും കൂടിയാണത്. പ്രസ്തുത രാത്രിയെ ആരാധനകളാല്‍ പ്രഫുല്ലമാക്കുവാനും ജീവിതത്തെ പുതുക്കി പണിയാനുള്ള ഒരു രാവാക്കി ബറാഅത്ത് രാവിനെ മാറ്റാനും നാഥന്‍ തുണക്കട്ടെ.. ആമീന്‍ ....