റജബ് : നിശാ പ്രയാണത്തിന്‍റെ വാര്‍ഷികം

തന്‍റെ ദൃഷ്ടാന്തങ്ങള്‍ കാണിക്കുവാന്‍ വേണ്ടി മസ്ജിദുല്‍ ഹറാമില്‍ നിന്നും അനുഗ്രഹീതമായ മസ്ജിദുല്‍ അഖ്സയിലേക്ക് കേവല യാമങ്ങളില്‍ തന്‍റെ അടിയെ നിശാപ്രയാണ് ചെയ്യിപ്പിച്ചവനെത്ര പരിശുദ്ധന്‍!!!

റജബ് നിശാപ്രയാണത്തിന്‍റെ വാര്‍ഷികം അനവധി സംഭവങ്ങള്‍ക്കും നിരവധി വിചിനതനങ്ങള്‍ക്കും ഉണര്‍ത്തുപാട്ടായി ഒരിക്കല്‍കൂടി റജബ് മാസം കടന്നു വന്നു. ആയുസിന്‍റെ പുസ്തകത്തില്‍ നിന്ന് ഒരു പേജ് കൂടി മാറിമറിയുകയായി.


നിസ്കാരങ്ങള്‍ക്ക് ശേഷം അള്ളാഹുമ്മ ബാരിക് ലനാ ഫീ റജബിന്‍ വ ശഅബാന്‍ എന്നു തുടങ്ങുന്ന പ്രാര്‍ത്ഥന ഉയര്‍ന്നു കേള്‍ക്കുന്പോള്‍ വിശ്വാസി ഹൃദയം ആത്മീയാനന്തത്താല്‍ വികാര തരളിതമാകുകയാണ്. പുണ്യങ്ങളുടെ പൂക്കാലമായ റമദാനിനെ പൂമാലയിട്ട് വരവേല്‍ക്കാനുള്ള അടങ്ങാത്ത അഭിനിവേശത്തോടെ... പ്രാകൃത യുഗത്തിലെ അവിവേകികളായ അറബികള്‍ പോലും ഇതിന്‍റെ മഹത്വം തിരിച്ചരിഞ്ഞിരുന്നു. അതുകൊണ്ടാണ് അവര്‍ ഈ മാസത്തിന് റജബ് എന്ന് പേര് വിളിച്ചത്. റജബ് എന്നാല്‍ മഹത്വം എന്നര്‍ത്ഥം. മറ്റേത് മാസങ്ങളിലും തിങ്കള്‍ , വ്യാഴം എന്നീ ദിവസളില്‍ മാത്രം തുറന്നിരുന്ന കഅ്ബയുടെ വാതില്‍ അറബികള്‍ റജബ് മാസം മുഴുവന്‍ ജനങ്ങള്‍ക്കായി തുറന്നുകൊടുത്തിരുന്നു.
അണുമണി പ്രശ്നം പര്‍വ്വതീകരിച്ച് വര്‍ഷങ്ങളോളം കലയിളകി പരസ്പരം കൊലവിളി നടത്തിയിരുന്ന അറബികള്‍ റജബ് മാസം എത്തുന്പോള്‍ അതിന്‍റെ പ്രാധാന്യം കണക്കിലെടുത്ത് താല്‍ക്കാലികമായി ആയുധം നിലത്ത് വെക്കുമായിരുന്നു. പ്രശംസാര്‍ഹമായ അവരുടെ സമീപനം ഇസ്‍ലാം നൂറു ശതമാനവും ശരിവെച്ചു. പരിശുദ്ധ റമളാന്‍റെ ആഗമനത്തെ അറിയിച്ചുകൊണ്ടാണ് ഓരോ റജബ് മാസവും കടന്നു വരുന്നത്. ചരിത്ര പ്രസിദ്ധമായ നിശാപ്രയാണം കൊണ്ടും ഇതര മാസങ്ങളില്‍ നിന്ന് വേറിട്ട് നില്‍ക്കുന്ന മാസമാണ് പവിത്രമായ റജബ്. അത്യാധുനിക സൗകര്യങ്ങളുടെയും സാങ്കേതിക വിദ്യയുടെയും നവലോകത്ത് അതിവസിക്കുന്ന മനുഷ്യന്‍ ചൊവ്വാ ഗ്രഹത്തിലേക്കുള്ള പര്യടനത്തിന് മുന്പില്‍ അറച്ചു നില്‍ക്കുന്ന സമകാലിക സാഹചര്യത്തില്‍ ഇസ്റാഅ് മിഅ്റാജിനെ വായിക്കുന്പോള്‍ തീര്‍ത്തും നവ്യാനുഭൂതിയാണ് പകര്‍ന്ന് നല്‍കുന്നത്. ശാസ്ത്ര ഗവേഷണ രംഗത്ത് ഗണനീയമായ നേട്ടങ്ങള്‍ കൈവരിക്കാത്ത, പ്രാപഞ്ചിക പ്രതിഭാസങ്ങള്‍ പോലും ഗവേഷണ വിധേയമാക്കാത്ത ഒരു കാലത്താണ് ഇസ്റാഉം മിഅ്റാജും അരങ്ങേറിയത് എന്നത് പ്രവാചകന്‍റെ മുഅ്ജിസത്തിന്‍റെ മാറ്റ് കൂട്ടുന്നു. പരിശുദ്ധ മക്കയിലെ മസ്ജിദുല്‍ ഹറാമില്‍ നിന്നും ജിബ്‍രീല്‍ (അ) നോട് കൂടെ ബുറാഖെന്ന വാഹനപ്പുറത്ത് ഫലസ്ഥീനിലെ മസ്ജിദുല്‍ അഖ്സയിലേക്ക് നടത്തിയ യാത്രയാണ് നിശാപ്രയാണം. ശേഷം അവിടെ നിന്ന് ഏഴാകാശങ്ങളും കടന്ന് സിദ്റത്തുല്‍ മുന്‍തഹാ യിലേക്കും അള്ളാഹുവിന്‍റെ സമീപത്തേക്കും നടത്തിയ പ്രയാണമാണ് ആകാശാരോഹണം കൊണ്ട് ഉദ്ദേശിക്കുന്നത്. പ്രവാചകത്വ ലബ്ദിയുടെ പതിനൊന്നാം വര്‍ഷം റജബ് ഇരുപത്തിഏഴിന്‍റെ രാവിലായിരുന്നു ഈ ചരിത്ര സംഭവങ്ങള്‍ക്ക് ലോകം സാക്ഷ്യം വഹിച്ചത്. തന്‍റെ പ്രിയ പത്നി ഖദീജ(റ)യുടെയും അബൂത്വാലിബിന്‍റെയും വിയോഗത്തില്‍ വിഷമിച്ചിരുന്ന റസൂല്‍ (സ)ക്ക് ആശ്വാസത്തിന്‍റെയും സ്വാന്തനത്തിന്‍റെയും പുതിയ വാതായനം തുറക്കുകയായിരുന്നു ഇതിലൂടെ അള്ളാഹു ചെയ്തത്. ഹിജ്റാനന്തരം റസൂലിന്‍റെ സങ്കേതവും വിശ്രമഗേഹവുമായ മദീനയും ശുഐബ് നബിയുടെ മദ്‍യനും ഈസാ നബിയുടെ ജന്മ നാടായ ബത്ലഹേമും വിട്ടുകടന്നാണ് ഒരുമാസത്തെ വഴിദൂരമുള്ള മസ്ജിദുല്‍ അഖ്സയിലേക്ക് റസൂല്‍(സ) എത്തിച്ചേര്‍ന്നത്. വഴിമദ്ധ്യേ ഒട്ടനവധി ചരിത്ര സംഭവങ്ങള്‍ക്ക് സാക്ഷ്യം വഹിച്ച ശേഷമാണ് പ്രവാചകര്‍ ബൈത്തുല്‍ മുഖദ്ദസിലെത്തിയത്. അവിടെ സംഗമിച്ചിരുന്ന മുന്‍കാല പ്രവാചകര്‍ക്കെല്ലാം ഇമാം ആയി നിസ്കരിച്ചത് പ്രവാചകനായിരുന്നു. നിസ്കാര ശേഷം ഓരോ ആകാശങ്ങളിലും പ്രവാചകര്‍ക്ക് ഊഷ്മള വരവേല്‍പ്പാണ് നല്‍കപ്പെട്ടത്. ഏഴാകാശങ്ങളും കടന്ന് സിദ്റത്തുല്‍ മുന്‍തഹായിലെത്തി തന്‍റെ രക്ഷിതാവിന്‍റെ സമീപത്തേക്ക് പ്രവാചകന്‍ അടുത്തു. അവിടെ വെച്ച് നടന്ന സംഭാഷണത്തില്‍ അള്ളാഹു സമ്മാനിച്ചതാണ് നിസ്കാരം. അതുകൊണ്ട് തന്നെ ഓരോ റജബ് ഇരുപത്തിയേഴും നിസ്കാരത്തിന്‍റെ വാര്‍ഷിക ദിനമാണ്. ദീര്‍ഘ കാലത്തെ തന്‍റെ പ്രാര്‍ത്ഥനക്കുത്തരമായി അള്ളാഹുവിന്‍റെ ദിവ്യ പ്രകാശം പര്‍വ്വത മുകളില്‍ പ്രത്യക്ഷപ്പെട്ടപ്പോള്‍ പര്‍വ്വതം വിറക്കുകയും മൂസാ (അ) ബോധ രഹിതനാവുകയും ചെയ്തുവെങ്കില്‍ ആകാശാരോഹണ സമയത്ത് തന്‍റെ നഗ്ന നേത്രങ്ങളാല്‍ അള്ളാഹുവിനെ ദര്‍ശിക്കാനും ഉപചാരമര്‍പ്പിക്കാനും പ്രവാചകര്‍ക്ക് സാധിച്ചു. അങ്ങനെ അനുഗ്രഹ സുരക്ഷാ ആശീര്‍വാദത്തോടെ അള്ളാഹുവിന്‍റെ പ്രത്യുപചാരം പ്രപഞ്ച സീമയില്‍ മുഴങ്ങി. സുകൃത ജന സമൂഹത്തിനാകമാനം രക്ഷക്കുള്ള അഭ്യര്‍ത്ഥന നബി(സ) അവിടെ വെച്ച് സമര്‍പ്പിച്ചു. ശേഷം സിദ്റത്തുല്‍ മുന്‍തഹ വഴി ബൈത്തുല്‍ മുഖദ്ദസിലേക്കും അവിടന്ന് പ്രഭാതം പുലരുന്നതിന് മുന്പായി മക്കയിലേക്കും തിരിച്ചു. പരിശുദ്ധ ഖുര്‍ആന്‍ ഈ ചരിത്രത്തിലേക്ക് ഇസ്റാഅ് സൂറത്തിലൂടെ വ്യക്തമാക്കുന്നു - തന്‍റെ ദൃഷ്ടാന്തങ്ങള്‍ കാണിക്കുവാന്‍ വേണ്ടി മസ്ജിദുല്‍ ഹറമില്‍ നിന്നും അനുഗ്രഹീതമായ മസ്ജിദുല്‍ അഖ്സയിലേക്ക് രാത്രിയുടെ കേവല യാമങ്ങളില്‍ തന്‍റെ അടിമയെ നിശാപ്രയാണം ചെയ്യിപ്പിച്ചവനെത്ര പരിശുദ്ധന്‍ .... അടിമ എന്നര്‍ത്ഥം ദ്യോതിപ്പിക്കുന്ന അബ്ദ് എന്ന ഖുര്‍ആനിക പ്രയോഗത്തിലൂടെ പ്രവാചകന്‍ (സ) തങ്ങളുടെ ഭൗതിക ശരീരവുമായിട്ടാണ് രാപ്രയാണവും ആകാശാരോഹണവും നടന്നതെന്ന് സുതാര്യം വ്യക്തമാണ്. അതുകൊണ്ട് തന്നെയാണ് പ്രവാചകരുടെ അമാനുഷികതകളില്‍ ഇത് വേറിട്ട് നില്‍ക്കുന്നത്.